യു.ഡി.എഫിനെ വെട്ടിലാക്കി ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്‌ക്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടാനും അവരുടെ സംഭാവനകള്‍ തിരിച്ചറിയാനുമുള്ള മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുഡിഎഫിനെ വെട്ടിലാക്കി രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. ഡിസംബര്‍ 12 ന് ആയിരുന്നു രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ആഴ്ചകള്‍ക്കു ശേഷം യുഡിഎഫിനെതിരായ ആയുധമെന്ന നിലയില്‍ രാഹുലിന്റെ കത്ത് മുഖ്യമന്ത്രി പുറത്തുവിടുകയായിരുന്നു
ലോക കേരള സഭ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നു ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍എമാരും നേരത്തേ രാജിവച്ചിരുന്നു. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധച്ചതിനെ തുടര്‍ന്നായിരുന്നു സാജന്‍ ജീവനൊടുക്കിയത്. വ്യാഴാഴ്ച നടക്കുന്ന ലോക കേരള സഭ പ്രതിനിധി സമ്മേളനത്തില്‍ നിന്നു കേന്ദ്രമന്ത്രി വി. മുരളീധരനും വിട്ടുനില്‍ക്കുകയാണ്. പ്രതിനിധി സമ്മേളനത്തില്‍ മുരളീധരന്‍ ആയിരുന്നു മുഖ്യാതിഥി. എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാത്തത് എന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.