News

കൊവിഡ് വാക്സിനും ഓക്സിജനും ഒപ്പം പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന്‍ ക്ഷാമത്തേയും ഓക്സിജന്‍ ദൗര്‍ലഭ്യത്തേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വാക്സിനും ഓക്സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

ഇതിനിടെ, കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഒമ്പത് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്ത് നല്‍കി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കുക, കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുക തുടങ്ങിയ ഒമ്പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മായാവതിയുടെ ബിഎസ്പി, ആംആദ്മി പാര്‍ട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം പരിഗണിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം കേന്ദ്രം അവഗണിച്ചു. ഇതാണ് മനുഷ്യനിര്‍മിതമായ ഇത്രയും വലിയ ഒരു ദുരന്തത്തിന് കാരണമായത്,’ കത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button