കൊച്ചി നഗരത്തില്‍ ഇന്ന് ദൃശ്യമായത് പുകമഞ്ഞല്ല, ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസം
കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്ന് ദൃശ്യമായത് ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമെന്ന് വിദഗ്ധര്‍. ഇന്ന് രാവിലെയാണ് കാഴ്ച മറയ്ക്കുന്ന നിലയില്‍ പലയിടത്തായി പുകമഞ്ഞ് രൂപപ്പെട്ടത്. പുകമഞ്ഞ് പോലെയാണ് കാണപ്പെട്ടതെങ്കിലും ഇതുമൂലം അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പ്രതിഭാസം റേഡിയേഷണല്‍ ഫോഗ് ആണെന്ന് കുസാറ്റ് അറ്റ്മോസ്ഫെറിക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ.കെ.മോഹനകുമാര്‍ വ്യക്തമാക്കി. പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത് രൂപപ്പെട്ടത്. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടെന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച് നല്ല വെയില്‍ വരുമ്പോള്‍ ഇത് കുറയും. ഇനിയുള്ള ദിവസങ്ങളിലും ഇത്തരത്തില്‍ മഞ്ഞ് പ്രതിഭാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കുസാറ്റിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.