InternationalNews

‘അസർബയ്ജാൻ വിമാനാപകടം ദാരുണമായ സംഭവം’; മാപ്പ്‌ ചോദിക്കുന്നുവെന്ന് പുതിൻ

മോസ്‌കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ്‌ ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

‘റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുതിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു’ എന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസർബയ്ജാനി പാസഞ്ചര്‍ വിമാനം ഗ്രോസ്നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഗ്രോസ്നി, മോസ്ഡോക്ക്, വ്ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങളില്‍ യുക്രൈന്റെ ഡ്രോണുകൾക്ക്‌ ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രെംലിന്‍ വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ J2-8243 വിമാനം തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു, 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് ജീവനക്കാരുള്‍പ്പെടെ 67 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്‌നിയിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി അക്താവുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.

വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റാണെന്ന സൂചനകള്‍ തുടക്കം മുതലേ പുറത്തുവന്നിരുന്നു. യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനുനേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം. സൈനിക വിദഗ്ധരും ഈ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്നായിരുന്നു അന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.

2014-ല്‍ റഷ്യന്‍ പിന്തുണയോടെ വിമതര്‍ കിഴക്കന്‍ യുക്രൈനില്‍ ആക്രമണം നടത്തുമ്പോള്‍ അയച്ച മിസൈലേറ്റ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker