കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. ഹൃദ്രോഗ സംംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 81 വയസായിരിന്നു. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖനായിരുന്നു പുനലൂര്‍ രാജന്‍.
നിരവധി പ്രതിഭകളെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ പകര്‍ത്തിയെടുത്ത പുനലൂര്‍ രാജന്‍, കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ആഗസ്തിലാണ് ജനിച്ചത്. പുനലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി.
1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായെത്തിയതോടെ കോഴിക്കോട് അദ്ദേഹത്തിന്റെ തട്ടകമായി മാറി. അതിനിടെയാണ് വൈക്കം മുഹമ്മദ് ബഷീറുമായി സൗഹൃദം സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ സന്തതസഹചാരിയായി മാറുന്നതും. എ കെ ജി, ഇ എം എസ്, ഇന്ദ്രജിത്ത് ഗുപ്ത, എസ് എ ഡാങ്കേ, സി അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, എം എന്‍ ഗോവിന്ദന്‍നായര്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖരുടെ അപൂര്‍വചിത്രങ്ങള്‍ കാമറക്കണ്ണിലൂടെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്.