റാങ്ക് ഹോള്‍ഡര്‍മാരായ ശിവരഞ്ജിത്തിനും നസീമിനും ജയലില്‍ അതേ പി.എസ്.സി പരീക്ഷ; രണ്ടു പേര്‍ക്കും മാര്‍ക്ക് വട്ടപൂജ്യം!
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും. കോപ്പിയടിയുടെ രഹസ്യം പി എസ് സി തന്നെ കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. കത്തികുത്ത് കേസില്‍ ജയിലിലുള്ള ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും ഇന്നലെ അതേ പരീക്ഷ ജയിലിലും നേരിട്ടു.
ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്തിന് കിട്ടിയത് പൂജ്യം മാര്‍ക്കായിരുന്നു. ക്രൈംബ്രാഞ്ചാണ് ജയിലിലെത്തി അതേ ചോദ്യങ്ങള്‍ വീണ്ടും ശിവരഞ്ജിത്തിനോട് ചോദിച്ചത്. അപ്പോള്‍ ഒന്നിനും ഉത്തരമില്ല. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി. അതായത് പി എസ് സി പരീക്ഷയില്‍ കൃത്യമായി ഉത്തരമെഴുതിയ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ കൃത്യമായ ഉത്തരം രണ്ട് പേര്‍ക്കും അറിയില്ല.
ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്സി വിജിലന്‍സ് നേരത്തെ പോലീസിനു കൈമാറിയിരുന്നു. പോലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.