ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവഗണനക്കെതിരെ പ്രക്ഷോഭവുമായി ദ്വീപ് യുവജനങ്ങള്‍
കൊച്ചി: ലക്ഷദ്വീപിന്റെ വടക്കന്‍ പ്രദേശങ്ങളായ ചെത്ത്‌ലാത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകളോടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവഗണനക്കെതിരെ ദ്വീപ് യുവജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം തുടങ്ങിയ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന മേഖലകളില്‍ ഈ ദ്വീപു നിവാസികള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ക്ക് പരിഹാരം തേടിയാണ് കൊച്ചിയിലെ ലക്ഷദ്വീപ് ആസ്ഥാനത്തേക്ക് നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന ഈ ദ്വീപുകാരായ വിദ്യാര്‍ത്ഥികള്‍, ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ക്കായി വന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍, കച്ചവടക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. കക്ഷി-രാഷ്ട്രീയ-സംഘടനാ ഭേതമന്യെ യുവാക്കളാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടല്ല മറിച്ച് പദ്ധതി നിര്‍വഹണത്തിലെ കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവും അവഗണനാ മനോഭാവവും സ്വാര്‍ത്ഥതയും തുടങ്ങി എല്ലാ ദുര്‍ഭൂതങ്ങളും അരങ്ങ് കീഴടക്കിയ ദുസ്ഥിതിയാണ് ഇന്ന് ലക്ഷദ്വീപുകള്‍. പ്രത്യേകിച്ച് വടക്കന്‍ ദ്വീപുകളായ ചത്ത്‌ലാത്ത്,കില്‍ത്താന്‍, ബിത്ര ദ്വീപ് നിവാസികള്‍ അനുഭവിക്കുന്നത്. ഏതൊരു പ്രദേശത്തെയും അടിസ്ഥാന വികസനം കണക്കാക്കുന്നത് അവിടത്തെ അതെ ഗതിയില്‍ വാര്‍ത്താവിനിമയ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അളവ് കണക്കാക്കിയാണ്. ഈ അളവുകോല്‍ വെച്ച് ഇന്ന് വടക്കന്‍ ദ്വീപുകളെ അളന്ന് നോക്കിയാല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയേക്കാള്‍ പിന്നോക്കം പോയതായി ഏതൊരു നിഷ്പക്ഷമതികള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മാതൃരാജ്യം ആദ്യം സ്മാര്‍ട്ട് സിറ്റിയും മെട്രോ ട്രെയിനും ഡിജിറ്റല്‍ ഇന്ത്യയും ഹൈസ്പീഡ് കൊറിഡോറും ഫൈവ് ജിയും ചര്‍ച്ച ചെയ്യുമ്പോള്‍ അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് സ്വാതന്ത്ര ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ ലക്ഷദ്വീപ്. ഈ കിരാതമായ തേര്‍വാഴ്ച അവസാനിപ്പിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി ഭരണസിരാ കേന്ദ്രങ്ങളിലേക്ക് ജനരോഷം കത്തിപ്പടരും എന്നതിന്റെ സൂചന മാത്രമാണ് ഈ പ്രതിഷേധ മാര്‍ച്ച്.