ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച കുടംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലേയ്ക്കുള്ള യാത്രാമധ്യേ മിര്‍സാപുരില്‍ വെച്ചാണ് പ്രിയങ്കയെ പോലീസ് തടഞ്ഞിരിന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡരികില്‍ ഇരുന്ന് പ്രിയങ്ക പ്രതിഷേധിച്ചതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പോലീസ് അറിയിച്ചു.
യുപിയില്‍ ക്രമസമാധാനനില തകരുകയും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയുമാണെന്ന് പ്രിയങ്ക പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നത് പ്രിയങ്ക ചോദിച്ചു.
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. പ്രിയങ്ക സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.