സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിൽ കരൾ പിളരുന്ന കാഴ്ചകൾ തുടരുന്നു
കവളപ്പാറയിൽ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോഴായിരുന്നു ഇത്. സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു പ്രിയദര്‍ശന്റെ മൃതദേഹം.
തിങ്കളാഴ്ചയാണ് പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ നിന്ന് മറിഞ്ഞ് പോലും വീഴാന്‍ പറ്റാത്ത തരത്തില്‍ പ്രിയദര്‍ശന്‍ മണ്ണിനടിയില്‍ പുതഞ്ഞ് പോവുകയായിരുന്നു.ഉരുള്‍പൊട്ടലുണ്ടായ ദിവസം തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഇതിനിടയില്‍ അമ്മയോട് എന്തോ പറയാനാണ് വീട്ടിലേക്കെത്തിയത്. അപ്പോഴാണ് ദുരന്തം ഉണ്ടായത്. പ്രിയദര്‍ശര്‍ശന കൂടാതെ അമ്മയും അമ്മയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.
പ്രിയദര്‍ശന്റെ അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. കോട്ടക്കുന്നില്‍ ഒന്നര വയസുകാരന്‍ മകന്‍ ധ്രുവനെ മരണത്തില്‍പ്പോലും വിട്ടു പിരിയാത്ത തരത്തില്‍ ഗീതു എന്ന അമ്മയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.