സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു 25 ഓളം പേര്‍ക്കു പരിക്കേറ്റു. വളാഞ്ചേരി ഭാഗത്തു നിന്നു കുറ്റിപ്പുറത്തേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ‘റോയല്‍’ എന്ന ബസാണ് രാവിലെ എട്ടോടെ ദേശീയപാതയില്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നു കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കാവ്, എടപ്പാള്‍ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ എടയൂര്‍ സ്വദേശി ജാഫര്‍ (28), ആലപ്പുഴ ബിനു (36), ഷെഫീക്ക് (19), അഭിലാഷ് (32), വടപ്പാറ മുഹമ്മദ് റാഫി (35), ദേവസ്യ (53), തമിഴ്‌നാട് സ്വദേശി നിത്യാനന്ദ (22), രാജസ്ഥാന്‍ സ്വദേശി ഗുട്ടിമീണ (32), നവാസ് (32), നീതു (19), ഫവാസ് (15), റക്കില്‍ ലബീല്‍ (15), ഷെഫീക്ക് (19), ഫര്‍സാന (18), മുഫീദ (30), സുബീഷ് (37), ത്വയ്ബ (17) എന്നിവര്‍ക്കും ഇവരെ കൂടാതെ എട്ടോളം പേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
നിയന്ത്രണം വിട്ട ബസ് പാലത്തില്‍ നിന്നും താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഹൈവേ പോലീസും കുറ്റിപ്പുറം പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.