KeralaNewsRECENT POSTS

വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പില്‍ ഇറക്കിയില്ല; സ്വകാര്യബസ് കണ്ടക്ടര്‍ക്ക് എട്ടിന്റെ പണികൊടുത്ത് കളക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: വിദ്യാര്‍ത്ഥികളെ സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന സ്വകാര്യ ബസിനെതിരെയുള്ള പരാതിയില്‍ ശക്തമായ നടപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് ബസിലെ കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. മനസാക്ഷിയില്ലാത്ത കണ്ടക്ടര്‍ക്ക് എട്ടിന്റെ പണി നല്‍കിയ കളക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ നടന്ന സംഭവത്തില്‍ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മലപ്പുറം ആര്‍ ടി ഒ നടത്തിയ അന്വേഷണത്തില്‍ ബസ്സിലെ കണ്ടക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊറമ്പയില്‍ എന്ന ബസ് മലപ്പുറം ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.

ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടര്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker