സെക്കൻഡ് ഹാൻഡ് ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്, പകരം നൽകിയത് ഹുറാക്കാൻ
കൊച്ചി:ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നൽകിയാണ് സൂപ്പർ എസ്‍യുവി സ്വന്തമാക്കിയ എന്ന് വ്യക്തമല്ല. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ.
2018 ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാന് പകരമാണ് ഉറുസ് എത്തിയത്. ഏകദേശം 2000 കിലോമീറ്റർ മാത്രം ഓടിയ ഹുറാക്കാൻ വിറ്റാണ് 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് വാങ്ങിയത്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണ്.
ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില.