ചെന്നൈ: ജയിലിലെ കൂട്ടുകാരെയും അന്തരീക്ഷവും ഭക്ഷണവുമെല്ലാം മിസ് ചെയ്യുന്നുവെന്ന് തോന്നിയപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലില്‍ എത്തി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് (52)വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം ലഭിക്കും, നല്ല കൂട്ടുകാരുണ്ട് പിന്നെന്തിന് വീട്ടിലേക്ക് പോകണമെന്നാണ് ജ്ഞാനപ്രകാശം ചോദിക്കുന്നത്. ഇയാളുടെ പ്രവൃത്തിയില്‍ പോലീസുകാരും ഞെട്ടിയിരിക്കുകയാണ്.
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ജ്ഞാനപ്രകാശത്തിന് ജയിലും അവിടുത്തെ കൂട്ടുകാരുമൊക്കെ ശരിക്കും മിസ് ചെയ്തത്. പിന്നീട് ഒന്നും നോക്കിയില്ല. പിടിക്കപ്പെടാന്‍ വേണ്ടി തന്നെ ഒരു മോഷണം നടത്തി. കൈലാസപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ആഗ്രഹം നിറവേറ്റാനിറങ്ങിയത്. ഇതിനായി സി.സി.ടി.വി. സ്ഥാപിച്ച സ്ഥലം തന്നെ തിരഞ്ഞെടുത്തു. എങ്ങനെയെങ്കിലും പോലീസിന്റെ പിടിയിലായി ജയിലിലേക്ക് മടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്ന് പെട്രോളും മോഷ്ടിച്ചു.
ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ജയിലിലെ കൂട്ടുകാരെ പിരിഞ്ഞു നില്‍ക്കുന്നതില്‍ തനിക്ക് വലിയ ദു:ഖമുണ്ടെന്നായിരുന്നു ജ്ഞാനപ്രകാശത്തിന്റെ മൊഴി. ജയിലില്‍ മൂന്നു നേരം ലഭിക്കുന്ന ഭക്ഷണം തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നത് വലിയ കാര്യമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.