പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍,മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈയില്‍ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തില്‍ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തും.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങും. പിന്നീട് പ്രധാനമന്ത്രി റോഡ് മാര്‍ഗം അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയില്‍ എത്തും. റിഫൈനറീസ് ക്യാംപസ് വേദിയില്‍ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.55ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങും.
കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.