KeralaNews

‘യേശുവിന്റെ നാമത്തില്, ഇപ്പോള്‍ തന്നെ വിടുവിക്കുവാണ്…..! കൈവിലങ്ങോടെ സെല്ലില്‍ പ്രാര്‍ത്ഥിച്ച് വൈറലായി മോഷ്ടാവ്; പാസ്റ്ററായെത്തി മോഷ്ടിക്കുന്നത്‌ ഷിബു എസ് നായരുടെ തന്ത്രം

തിരുവനന്തപുരം: ഏതാനും ദിവസമായി മലയാളം സൈബറിടത്തില്‍ വൈറലായത് സെല്ലില്‍ കൈവിലങ്ങോടെ ഒരാള്‍ യേശുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്ന വീഡിയോയാണ്. ഈ വീഡിയോ കണ്ട് ആള്‍ തട്ടിക്കു കേസില്‍ അറസ്റ്റിലായ പള്ളീലച്ചനോ പാസ്റ്ററോ ആണോ എന്നാണ് പലരും ചോദിച്ചത്. ഈ വൈറല്‍ വീഡിയോയിലെ താരം ഷിബു എസ് നായര്‍ എന്ന ഉഗ്രന്‍ കള്ളനാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി നിരവധി മോഷണ കേസുകളില്‍ പ്രതികളായ വ്യക്തിയാണ് ഇയാള്‍.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ ആക്രമിച്ച് പണവും സ്വര്‍ണവും തട്ടിയ വിവിധ കേസുകളിലെ പ്രതിയാണ് ഷിബു. തിരുവനന്തപുരം കാഞ്ഞിരംകുളത്തു വെച്ച് പിടിയിലായ ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്. വീടുകളിലെത്തി പ്രാര്‍ഥിക്കുന്ന രോഗശാന്തി ശുശ്രൂഷകന്റെ വേഷം കെട്ടിയെത്തി വയോധികരെ ആക്രമിച്ചു മാല പൊട്ടക്കുന്നതാണ് ഇയാളുടെ ശൈലി. ഈ ശൈലി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പോലീസുകാര്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. വീഡിയോ സൈബറിടത്തില്‍ വേഗത്തില്‍ വൈറലാകുകയും ചെയ്തു.

ഷിബുവിന്റെ മോഷണത്തിലെ പ്രധാന തന്ത്രമാണ് വീട്ടിലെത്തിയുള്ള പ്രാര്‍ഥന. കരിസ്മാറ്റിക് ധ്യാനപ്രസംഗകരുടെ പ്രാര്‍ത്ഥന അനുകരിച്ച്, പ്രായമായവരുടെ വിശ്വാസം പിടിച്ചുപറ്റി കവര്‍ച്ചകള്‍ പതിവാക്കിയ പ്രതിയുടെ ട്രിക്ക് പുറത്തുവിടുകയായിരുന്നു പോലീസ്. ഇത്തരം പ്രാര്‍ഥനകളുമായി അപരിചിതല്‍ എത്തിയാല്‍ കരുതിയിരിക്കണമെന്നാണ് സാരഹം. ക്രൈസ്തവവിശ്വാസികള്‍, പ്രത്യേകിച്ച് പ്രായമായവര്‍ ഒറ്റക്കുള്ളപ്പോള്‍ വീടുകളിലെത്തി പ്രാര്‍ത്ഥന അവതരിപ്പിച്ച് കവര്‍ച്ച നടത്തുകയാണ് രീതി. വേണ്ടവിധം പ്രചരിപ്പിച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് ഗുണകരമാകുന്ന ഈ വീഡിയോ ചോദ്യംചെയ്യലിനിടെ ലോക്കപ്പില്‍ നിന്ന് പോലീസുകാര്‍ തന്നെ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.

യേശുവിന്റെ നാമത്തില്, രോഗശാന്തി, സ്വസ്തി എന്ന് തുടങ്ങി ആരും വിശ്വസിച്ച് പോകുംവിധം കരിസ്മാറ്റിക് ധ്യാനക്കാരെ അനുകരിച്ച് പ്രാര്‍ത്ഥിക്കുന്ന പ്രതി, അതിനിടയില്‍ കരിസ്മാറ്റിക് ശൈലിയിലുള്ള ഭാഷാവരം ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മറ്റാര്‍ക്കും മനസിലാകാത്ത ചില ശബ്ദങ്ങളും വാക്കുകളും പുറപ്പെടുവിക്കും. ഇതെല്ലാം അല്‍പ്പം വിശ്വാസ വഴിയിലുള്ളവരെ വീഴ്ത്താനും കഴിയുന്നതാണ്. വാക്കുകളും ശബ്ദങ്ങളും മാത്രമല്ല, ധ്യാനപ്രാസംഗികരുടെ ഭാഷാശൈലിയും, പ്രസംഗത്തിനൊപ്പം അവര്‍ പുറത്തെടുക്കുന്ന അംഗവിക്ഷേപങ്ങളും പോലും നോക്കി സ്വായത്തമാക്കിയാണ് പ്രതിയുടെ തട്ടിപ്പ്.

പ്രാര്‍ഥനക്കൊപ്പം വീട്ടുകാരുടെ മാലയിലും കൈവെക്കും ഇയാള്‍. ഇത്തരം തട്ടിപ്പുകള്‍ പതിവാക്കിയ ആളാണ് ഷിബു എസ് നായര്‍. കഴിഞ്ഞ നവമ്പര്‍ ഒന്നിന് അടൂര്‍ ഏനാദിമംഗലത്ത് എണ്‍പതുകാരി മറിയമ്മ ബേബിയുടെ വീട്ടില്‍ കയറി സ്വര്‍ണമാലയുടെ 1000 രൂപയും കവര്‍ന്ന പ്രതി ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. വൈദികനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഷിബു എസ് നായര്‍, ഉള്ളില്‍ കയറുന്നതിന് മുമ്പ് തന്നെ പ്രാര്‍ത്ഥന പുറത്തെടുത്ത് വിശ്വാസം ഉറപ്പിച്ചു. തുടര്‍ന്ന് മറിയമ്മയുടെ മകള്‍ക്ക് പള്ളിയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ ധനസഹായം കിട്ടാനുണ്ടെന്നും അതിന്റെ ചിലവിലേക്കായി 1000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. അതെടുത്ത് കൊടുക്കുമ്പോഴേക്ക് കഴുത്തില്‍ പിടിമുറുക്കിയ പ്രതി മാലയും പൊട്ടിച്ചെടുത്ത് രക്ഷപെട്ടിരുന്നു.

നെയ്യാറ്റിന്‍കരക്ക് അടുത്ത് കാഞ്ഞിരംകുളം സ്വദേശിയായ 42കാരന്‍ ഷിബു എസ് നായര്‍ ഏറെക്കാലമായി കവര്‍ച്ചാരംഗത്ത് സജീവമാണ്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായിരിക്കുന്നത് കോട്ടയം വാകത്താനത്ത് ഒരു വീട്ടില്‍ നടത്തിയ മോഷണ കേസിലാണ്. കഴിഞ്ഞ ദിവസം വാകത്താനം ഇന്ദിരനഗറിലെ ഒരു വീട്ടില്‍ നടത്തിയ മോഷണ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. വാകത്താനം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായിട്ടാണ് പെരുമാറിയത്. സ്റ്റേഷന്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തുടനീളം 42 കേസുകളില്‍ പ്രതിയാണ് ഷിബു. എല്ലാം മോഷണവും തട്ടിപ്പ് കേസുകളും. വയോധികരായ സ്ത്രീകളാണ് പ്രതിയുടെ ഇരകള്‍. റോഡരികില്‍ നില്‍ക്കുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാലപൊട്ടിച്ച് കടന്നുകളയും. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകള്‍ നിരീക്ഷിച്ച് വീട്ടില്‍ കയറി മോഷണം നടത്തും. പലവിധത്തില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്താണ് ഓരോ മോഷണവും.

അടൂരിലെ മോഷണ കുറ്റത്തിന് ജയിലിലായിരുന്ന പ്രതി ജനുവരി 28നാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് വാകത്താനത്തെ വീട്ടില്‍ എത്തി സ്വര്‍ണം മോഷ്ടിച്ചത്. നിരവധി സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നാണ് വാകത്താനം പൊലീസ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയാണ് ഇയാളെ വാകത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടാനെത്തിയ പൊലീസുകാരെ പ്രതി കത്തി വീശി ആക്രമിക്കന്‍ ശ്രമിച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിയും പൊലീസ് പിടിച്ചെടുത്തു. പൂര്‍ണമായും അക്രമാസക്തനായ പ്രതി പൊലീസ് സ്റ്റേഷനുളളില്‍ സ്വയം തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിക്കാനും നോക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker