ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ കാട്ടുശേരി പ്രണവിന്റെ ജീവിതാഭിലാഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണുക എന്നത്. ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരുന്ന സച്ചിനെ കാണണമെന്ന അഭിലാഷം ഫേസ്ബുക്കില്‍ ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചപ്പോള്‍ പ്രണവ് മനസില്‍ പോലും കരുതിയിരുന്നില്ല അത് യാഥാര്‍ത്ഥ്യമാകുമെന്ന്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രണവിന്റേയും കൂട്ടുകാരുടേയും സന്ദേശം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെട്ടതൊടെ സച്ചിനെ കാണാന്‍ അവസരമൊരുക്കാമെന്ന് പ്രണവിന്റെ അച്ഛനെ അറിയിച്ചു. ശനിയാഴ്ച്ച അതിരാവിലെ തന്നെ അച്ഛന്‍ സുബ്രമണ്യന്‍, അമ്മ സ്വര്‍ണകുമാരി, സഹോദരന്‍ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം ആലപ്പുഴയിലേക്ക് പ്രണവ് യാത്ര തിരിച്ചു.
ഉച്ചയോടെ ലേക്ക് പാലസ് റിസോര്‍ട്ടിലെത്തി സച്ചിന്‍ എന്ന മഹാത്ഭുതം തന്റെ അരികിലേക്ക് എത്തിയപ്പോള്‍ പ്രണവ് ആദ്യം കരുതിയത് സ്വപ്‌നമാണെന്നായിരിന്നു. കാലുകള്‍ കൊണ്ട് വരച്ച് ഹൃദയത്തിലെന്ന പോലെ കൊണ്ടുവന്ന സച്ചിന്റെ ചിത്രം കൈമാറി കാലുകള്‍ കൊണ്ട് മൊബൈലില്‍ സെല്‍ഫി എടുക്കുമ്പോള്‍ സാക്ഷാല്‍ സച്ചിന്‍ പോലും അത്ഭുതപ്പെട്ടുപോയി. സച്ചിന്‍ സിബിഎല്‍ ഉദ്ഘാടന വേദിയില്‍ പ്രണവ് വരച്ച തന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പതിനായിരക്കണക്കിനു കാണികള്‍ ആരവം മുഴക്കി. ജീവിതത്തില്‍ ഏറെ അനുഗ്രഹത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചാണു സച്ചിന്‍ പ്രണവിനോടു യാത്ര പറഞ്ഞത്.
പ്രണവിന് രണ്ടു മോഹങ്ങള്‍ ആണുള്ളത്. ഒന്ന്, വീട്ടില്‍ ദാരിദ്ര്യം ആണ് ഒരു ജോലി നേടണം. രണ്ട്, പ്രളയത്തെ കുറിച്ച് കുറെചിത്രങ്ങള്‍ വരച്ചിട്ടുണ്ട് . എവിടെയെങ്കിലും ഒരു പ്രദര്‍ശനം സംഘടിപ്പിച്ച് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. പ്രണവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ധനമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ വിവരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Posted by Dr.T.M Thomas Isaac on Saturday, August 31, 2019