പ്രഗ്യാ സിംഗ് ഠാക്കൂറിന് വിഷപദാര്‍ഥം അടങ്ങിയ ഭീഷണിക്കത്ത്
ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി. കത്തിനൊപ്പം അപകടകരമായ കെമിക്കലുകള്‍ അടങ്ങിയ കവറുമുണ്ടായിരുന്നു. കത്ത് ഉര്‍ദുവിലാണ് എഴുതിയിരുന്നത്. പ്രഗ്യ സിംഗിന്റെ വീട്ടിലെ ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്. സംഭവത്തില്‍ പ്രഗ്യാ സിംഗ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു.
ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പോലീസ് പ്രഗ്യ സിംഗിന്റെ വീട്ടിലെത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പോലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി. കവറിലുള്ള പൊടി സ്പര്‍ശിച്ചതോടെ കൈയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. ഈ കെമിക്കല്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
അതേസമയം, കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രഗ്യാ സിംഗ് ഠാക്കൂര്‍ എന്നിവരുടെ ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങള്‍ക്ക് മുകളില്‍ ചുവന്ന മഷികൊണ്ട് ക്രോസ് ചിഹ്നം വരച്ചിട്ടുണ്ട്. തനിക്ക് നേരത്തെയും ഭീഷണികത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് കേസെടുത്തില്ലെന്നും പ്രജ്ഞ സിങ് പറഞ്ഞു. രാസപദാര്‍ഥങ്ങളടങ്ങിയ കവര്‍ അയച്ചത് തന്നെ അപകടപ്പെടുത്താണ്. ഇതിന് പിന്നില്‍ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ് ഠാക്കുര്‍ ആരോപിച്ചു.