ക്രിസ്മസ് ദിനത്തിലുംരക്തച്ചൊരിച്ചില്‍ റഷ്യ; കരിങ്കടലിൽ നിന്ന് ശക്തമായ റഷ്യയുടെ വ്യോമാക്രമണം, യുക്രൈനില്‍ നിരവധി പേർ കൊല്ലപ്പെട്ടു
കീവ്: ക്രിസ്മസ് ദിനത്തിലും യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ നിരവധി നഗരങ്ങൾക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തി. ശക്തമായ വ്യോമാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കരിങ്കടലിൽ നിന്ന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. യുക്രൈന്റെ തലസ്ഥാന നഗരമായ കീവിലും ഖാർകീവിലും ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെ മുതൽ യുക്രൈനിൽ വ്യാപകമായി വ്യോമാക്രമണ സൈറനുകൾ മുഴങ്ങിക്കേട്ടിരുന്നു. യുക്രൈനിലെ ഊർജ മേഖലയെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്ന് ഊർജ മന്ത്രി ജർമ്മൻ ഗലുഷ്ചെങ്കോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലൂടെ അറിയിച്ചു.
അതിശൈത്യത്തെ നേരിടുന്ന യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെൻട്രൽ യുക്രേനിയൻ നഗരമായ ക്രിവി റിയയിലെ ഒരു അപ്പാർട്ട്മെൻ്റിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. യുക്രൈൻ പ്രസിഡൻ്റ് വോളോഡോമിർ സെലൻസ്‌കിയുടെ ജന്മനാട് കൂടിയാണ് ക്രിവി റിയ.