മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി,വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു
ഇടുക്കി:മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാംനമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ട്രാൻസ്ഫോമറിൻ്റെ സുരക്ഷാകവച്ചം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതായാണ് സൂചന. വെളിച്ചം കണ്ട് ജീവനക്കാർ ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
പൊട്ടിത്തെറിയെ തുടർന്ന് മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം ഉയർന്നു നിൽക്കുന്ന പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ശ്രമം തുടങ്ങിയിട്ടുണ്ട്.