കണ്ണൂർ : പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ. ഹർത്താൽ ദിവസം ആക്രമണത്തിന് ആഹ്വാനം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി. കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി, കക്കാട് ഡിവിഷൻ സെക്രട്ടറി അഫ്സൽ അഴീക്കോട് ഡിവിഷൻ ഭാരവാഹി സുനീർ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിവസം ഏറ്റവും കൂടുതൽ പെട്രോൾ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. തുടർന്ന് ബോംബ് ആക്രമണത്തിനും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനും അണികൾക്ക് നേതാക്കൾ നിർദ്ദേശം നൽകിയിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി കടുപ്പിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പ്രതികളെ ഇരവിപുരം പൊലീസ് പിടികൂടി. കയ്യാലയ്ക്കൽ സ്വദേശി ഷംനാദ് പോളയത്തോട് സ്വദേശി സജീർ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് പുറമേ തപാൽ വകുപ്പിന്റെ വാഹനവും പ്രതികൾ ആക്രമിച്ചിരുന്നു. തട്ടാമല ഭാഗത്ത് വച്ച് ബൈക്കിലെത്തിയ പ്രതികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.
എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് വയനാട് ജില്ലാ കമ്മറ്റി ഓഫീസിൽ പൊലീസ് പരിശോധന നടത്തി. മാനന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. പിഎഫ്ഐ ജില്ലാ ഭാരവാഹികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നു പരിശോധന. വയനാട്ടിൽ ഇതുവരെ 102 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് റിമാൻ്റിലായത്. പനമരം, വെള്ളമുണ്ട, മാനന്തവാടി, ബത്തേരി സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. പാലക്കാട്, ചിറ്റൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു വൈകീട്ട് അഞ്ചുമണിയോടെ പരിശോധന തുടങ്ങിയത്. ശംഖുവാരത്തോട്, ഒലവക്കോട്, നൂറണി, കൽമണ്ഡപം, ബിഒസി റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
നഗരത്തിൽ പത്ത് വീടുകളിലും ഒലവക്കോട് രണ്ട് കടകളിലുമാണ് വിവിധ സിഐമാരുടെ സംഘം പരിശോധനയ്ക്ക് എത്തിയത്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുനഗരം, കാട്ട് തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡുണ്ടായി. എൻഐഎ റെയ്ഡിൻ്റെ തുടർച്ചയായി തുടങ്ങിയ പൊലീസ് പരിശോധനയിൽ,ഹർത്താൽ ആക്രമണവുമായി ബന്ധപ്പെമുള്ളവർ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരെയും തിരഞ്ഞിരുന്നു.