ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള എ.എ.പിയുടെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള മേയറുടെ തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ മേയര്‍ ഷെല്ലി ഒബ്രോയി ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെ കോര്‍പ്പറേഷന്‍ ഹാളില്‍ എഎപി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മേയര്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിക്കാതെ മേയര്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ തീയതി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടെന്ന് ഒരു ചട്ടത്തിലും പറയുന്നില്ലെന്നും ജസ്റ്റിസ് ഗൗരംഗ് കാന്ത് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
ബാലറ്റ് പേപ്പര്‍, കോര്‍പ്പറേഷന്‍ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കാനും മേയറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയര്‍ക്കും ലഫ്. ഗവര്‍ണര്‍ക്കും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മേയറുടെ നടപടി ചോദ്യംചെയ്ത് ബിജെപി കൗണ്‍സിലര്‍മാരായ ശിഖ റോയ്, കമല്‍ജീത്ത് ശെഖ്‌രാവത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വോട്ട് അസാധുവാണെന്ന മേയറുടെ പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. എന്നാല്‍, അസാധുവായ വോട്ട് ഒഴിവാക്കിയേ ഫലപ്രഖ്യാപനം നടത്തൂവെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നു. ഇതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്. സംഘര്‍ഷത്തിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
മേയര്‍ അസാധുവായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ആ വോട്ട് അസാധുവാണെങ്കില്‍, എ.എ.പിയുടെ സ്ഥാനാര്‍ഥി വിജയിക്കുമായിരുന്നുവെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടെണ്ണല്‍ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് മേയര്‍ പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. അതേസമയം, ഒരു വോട്ടിന് പരാജയപ്പെടുമെന്ന് മനസ്സിലാക്കിയപ്പോള്‍ ബി.ജെ.പി. ആളുകളെ ആക്രമിക്കാന്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് എഎപി പറയുന്നത്.