ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനയാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
കോട്ടയം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന പരിശോധനയാണ് നടന്നു വരുന്നത്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി മാതൃകാപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്.
പാലക്കാട് തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ് വെച്ചുകൊടുത്താണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. കൂടെയുള്ള വിദ്യാര്‍ത്ഥിയോടും ഹെല്‍മറ്റ് ധരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ആയിരം രൂപ പിഴ ഈടാക്കേണ്ടതാണ്. പിഴ ഈടാക്കാന്‍ അറിയാത്തതുകൊണ്ടല്ല. ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുകൊണ്ടാണ് അധികം മരണങ്ങളും സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഒരു ഇന്‍ക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ചുകിടക്കുന്ന കണ്ടപ്പോള്‍ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്. അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു.