ജോളി ഇപ്പോള്‍ പിടിയിലായത് നന്നായി; ഇല്ലെങ്കില്‍ അവര്‍ ഇനിയും കൊലപാതകങ്ങള്‍ നടത്തിയേക്കാമെന്ന സൂചന നല്‍കി പോലീസ്
കോഴിക്കോട്: കൂട്ടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ മാനസിക നില ഞെട്ടിക്കുന്നതാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം. ജോളി ചെയ്ത എല്ലാ കൊലപാതകങ്ങളും സ്വത്തിന് വേണ്ടി മാത്രമായിരുന്നില്ല. ഓരോ കൊലപാതകങ്ങള്‍ നടത്താനും വെവ്വേറെ കാരണങ്ങള്‍ ആയിരുന്നു. ജോളിയെ ഇപ്പോള്‍ പിടിച്ചത് നന്നായി എന്നെനിക്ക് തോന്നുന്നുവെന്ന് ജോളിയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. 14 വര്‍ഷത്തിനിടെ പലതവണയായി 6 പേരെ കൊലപ്പെടുത്തിയ ജോളി വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തന്നെ വക വരുത്താന്‍ ജോളി ശ്രമിച്ചെന്ന് റോയിയുടെ സഹോദരി മൊഴി നല്‍കിയെന്ന് വ്യക്തമാക്കിയ എസ്പി ഇപ്പോള്‍ പിടിയിലായിരുന്നില്ല എങ്കില്‍ ഇനിയും കൂടുതല്‍ കൊലപാതകങ്ങള്‍ ജോളി നടത്തിയേക്കാമെന്ന സൂചന കൂടി നല്‍കി. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജോളി 14 വര്‍ഷത്തോളം കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചറായി അഭിനയിക്കുകയായിരുന്നു. എന്‍ഐടിയിലെ ഐഡി കാര്‍ഡുമായി എല്ലാ ദിവസവും രാവിലെ കാറില്‍ കയറി ബ്യൂട്ടിപാര്‍ലറിലേക്ക് പോയ ജോളി എന്‍ഐടിയില്‍ നിന്നെന്ന പോലെ വൈകിട്ട് തിരിച്ചു വരുമായിരുന്നു. ആറ് പേരെ കൊന്നുവെന്നത് മാത്രമല്ല അവ മൂടിവയ്ക്കാന്‍ വേണ്ടി ജോളി പല ശ്രമങ്ങളും നടത്തി. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനും ആഗ്രഹങ്ങള്‍ക്ക് തടസ്സമായി നിന്നവരേയുമാണ് ജോളി കൊലപ്പെടുത്തിയത്.
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് വാദിച്ച് അത് ചെയ്തത് റോയിയുടെ അമ്മാവാനായ മാത്യുവാണ് ഇയാളേയും പിന്നീട് ജോളി വക വരുത്തി. ദാമ്പത്യജീവിതത്തില്‍ നിലനിന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് മുന്‍ഭര്‍ത്താവായ റോയിയെ ജോളി വിഷം കൊടുത്ത് കൊന്നത്. ഈ സമയത്ത് തന്നെ റോയിയുടെ സഹോദരനും ഇപ്പോഴത്തെ ഭര്‍ത്താവുമായ ഷാജുവിനോട് ജോളിക്ക് താത്പര്യമുണ്ടായിരുന്നതായി പോലീസ് കരുതുന്നു.
റോയിയുമായുള്ള ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്ന ജോളി ഷാജുവിനെ പോലൊരു ഭര്‍ത്താവിനെ തനിക്ക് കിട്ടിയിരുന്നുവെങ്കില്‍ സമാധാനമായി ജീവിക്കാമായിരുന്നു എന്ന് പറഞ്ഞിരുന്നതായി ചിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിന്റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫിനെ ഭക്ഷണത്തില്‍ സയനൈഡ് കലക്കിയും ഒന്നര വര്‍ഷം കഴിഞ്ഞ് ഭാര്യ സിലിയെ വെള്ളത്തില്‍ സൈനൈഡ് കലക്കിയും കൊടുത്താണ് ജോളി കൊന്നത്. പിന്നീട് ജോളി തന്നെ മുന്‍കൈ എടുത്ത് ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.
2002ല്‍ അന്നമ്മ തോമസ് കൊലപ്പെടുന്നതോടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കാവുന്നത്. എന്നാല്‍ 2002-ന് മുന്‍പേ തന്നെ ജോളി അന്നമ്മയെ വകവരുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന വിവരവും ഇപ്പോള്‍ പോലീസ് പങ്കുവയ്ക്കുന്നുണ്ട്. അന്ന് വിഷബാധയേറ്റ് അവശയായ അന്നമ്മ തോമസ് ദിവസങ്ങളോളം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പല പരിശോധനകളും നടത്തിയിട്ടും അന്നമ്മയുടെ തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.