KeralaNews

ഹത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.

അഴിമുഖംഡോട്ട്‌കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രീം കോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡി.ജി.പി മാരോടും ആവശ്യപ്പെടുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button