വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് സിനിമാ സ്റ്റൈലിൽ അന്വേഷണം; പോലീസിനെതിരെ പരാതിയുമായി വൃദ്ധദമ്പതികള്‍
നെടുങ്കണ്ടം: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ വീടിന്റെ അടുക്കള വാതില്‍ ചവിട്ടി തുറന്നെന്ന് പരാതി. നെടുങ്കണ്ടം മൈനര്‍സിറ്റി താന്നിക്കല്‍ മാത്തുക്കുട്ടി ഫിലോമിന ദമ്പതികളാണ് കട്ടപ്പന ഡിവൈഎസ്പിക്കു പരാതി നല്‍കിയിരിക്കുന്നത്. വീടിന്റെ പിന്‍ഭാഗത്തുള്ള അടുക്കള വാതില്‍ ചവിട്ടി തുറന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അകത്തു കയറി മകനെ അന്വേഷിച്ചെന്നും ഇരുവരെയും വിരട്ടിയെന്നുമാണ് പരാതി. പോലീസ് മാന്യമായി ജനങ്ങളോട് ഇടപെടണമെന്നും സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നുമുള്ള ഡിജിപിയുടെ സര്‍ക്കുലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് സേനയ്ക്ക് തലവേദനയായി ദമ്പതികളുടെ പരാതി.
മാത്തുക്കുട്ടി കാന്‍സര്‍ രോഗിയും ഭാര്യ ഫിലോമിന ഹൃദ്രോഗിയുമാണ്. 23നു വൈകുന്നേരം 5.30നും 6നും ഇടയിലാണ് സംഭവം നടന്നതെന്നു പരാതിക്കാര്‍ പറയുന്നു. പ്രദേശവാസിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മകനെ അന്വേഷിച്ച് എത്തിയതെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഇരുവരോടും പറഞ്ഞത്.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇവരുടെ മകന്‍ ബിജുവിനെതിരെ നെടുങ്കണ്ടം സ്റ്റേഷനില്‍ ഒരു വീട്ടമ്മ നല്‍കിയ പരാതിയും, ഒപ്പം ഫോണില്‍ വിളിച്ച് യുവാവിനെ വിരട്ടിയെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പോലീസ് പറയുന്നു. കട്ടപ്പന ഡി.വൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.