KeralaNews

മലപ്പുറത്ത് പീഡനത്തിനിരയായ 17-കാരി വീട്ടില്‍ പ്രസവിച്ചു; യൂട്യൂബില്‍ കണ്ട് മനസ്സിലാക്കിയെന്ന് മൊഴി

മലപ്പുറം:പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ, പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ അയൽവാസിയായ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്. ഗർഭവും പ്രസവവും മറച്ചുവെയ്ക്കാൻ ഇവയെല്ലാം അനുകൂലമായെന്നാണ് ചൈൽഡ് ലൈൻ അധികൃതരുടെ വിലയിരുത്തൽ. പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതി പീഡനത്തിനിരയാക്കിയതെന്നും അധികൃതർ പറയുന്നു.

ഗർഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ, യഥാർഥ പ്രായം മറച്ചുവെച്ചായിരിക്കാം ഇവിടങ്ങളിൽ ചികിത്സ തേടിയത്. സംഭവത്തിൽ ആശുപത്രികളിൽനിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെൺകുട്ടിയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker