KeralaNewsPolitics

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി,ചിത്രങ്ങൾ വൈറൽ

കൊച്ചി: ഇന്ത്യ രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിയായ ഐഎൻസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തും ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. യാത്രപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളിൽ പ്രധാനമന്ത്രി കൈചേർത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.

ഇന്നു രാവിലെ 9.30നായിരുന്നു ഐഎൻസ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകൾ. നാവികസേനാ മേധാവി അ‍ഡ്മിറൽ ആർ. ഹരികുമാർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാജ്യത്തിനും നാവികസേനക്കും ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് , പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു.കൊച്ചി കപ്പൽശാലയിലായിരുന്നു ചടങ്ങ്.രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു.വിക്രാന്ത് വിശിഷ്ടം. പരിശ്രമത്തിന്‍റെ  പ്രതീകം.ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂർത്തമാണിത്..വെല്ലുവിളികൾ ഉയർന്നു വന്നാലും നേരിടാൻ ഭാരതത്തിനു കഴിയും.

വിക്രാന്ത് തദ്ദേശീയമായി നിർമിച്ചതോടെ രാജ്യം ലോകത്തിന്‍റെ  മുന്നിലെത്തി.പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനം.തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും അഭിനന്ദനം.21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്.വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യങ്ങളുടെ സ്രേണിയിൽ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്‌മനിർഭർ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവർത്തിക്കുന്നു.തമിഴ്നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉൽപന്ന നിർമാണ കോറിഡോർ മികച്ച രീതിയിൽ മുന്നേറുന്നു.തദ്ദേശീയ ഉൽപന്ന നിർമാണം രാജ്യത്തിനു മുതൽകൂട്ടാകുമെന്നും മോദി പറഞ്ഞു.

സ്വയം പ്രാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകും.പ്രതിരോധ ഉത്പ്പാദന മേഖലയിൽ വലിയ വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം 15 വർഷമായി കണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്.23000 കോടി രൂപ ചെലവിട്ട് നിർമ്മിച്ചത് കൊച്ചി കപ്പൽശാലയിൽ. 2002 -ലാണ് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത് 2007 -ൽ. നിർമ്മാണം തുടങ്ങിയത് 2009 -ൽ. 1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്. 

76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോ​ഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ ക​ഴിയുക. ഐഎൻഎസ് വിക്രാന്ത് വന്നതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 

14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് സാധിക്കും. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതിൽ ഉപയോഗിക്കും. തീർന്നില്ല, ഇനിയുമുണ്ട് വിക്രാന്തിന്‍റെ  സവിശേഷതകൾ. 

ഇതിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണുള്ളത്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അതുപോലെ മണിക്കൂറിൽ ആയിരം ചപ്പാത്തിയും ഇഡ്ഡലിയും തയ്യാറാക്കാവുന്ന അടുക്കളയാണ് വിക്രാന്തിന്. വിക്രാന്തിൽ സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം ഉണ്ടാവും. അതുപോലെ തന്നെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റും വിക്രാന്തിന്‍റെ  പ്രത്യേകത തന്നെ.  ഇത് ഇന്ത്യയുടെ അഭിമാന നിമിഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button