രാഹുലിന്റെ പരിഭാഷകയായി കൈയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ
മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പതര്‍ച്ചയില്ലാതെ ഓരോ വാക്കുകളുംജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഫ എന്ന കൊച്ചുമിടുക്കി താരമായത്.
മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ചടങ്ങില്‍ രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വേദിയിലിരിക്കുകയായിരുന്നു സഫയും. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് സഫ സ്റ്റേജിലേയ്ക്ക് കയറിയത്.
തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ചു. സദസിലുള്ളവര്‍ നിറകൈയ്യടിയും നല്‍കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജിഎച്ച്എസ്എസ് സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സഫ.