റായ്പൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരുയുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിദ്യാര്‍ഥിനി പ്രസവിക്കുമ്പോള്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സൂപ്രണ്ടിനെ സസ്പെന്റ് ചെയതത്. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്.
സംഭവം പുറത്തുവന്നതോടെ സൂപ്രണ്ട് ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. നേരത്തെ ഹോസ്റ്റല്‍ സൂപ്രണ്ടായി ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.