തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് വ്യാജ വിലാസം നല്‍കിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പരത്താനുള്ള ദൗത്യമാണ് അഭിജിത്ത് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകും. നാടിനെ സേവിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷവും ഇത് മനസിലാക്കണം. തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍ കിയിട്ടുണ്ട്. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി സ്‌കൂളില്‍ നടത്തിയ കൊവിഡ് പരിശോധനയ്ക്കാണ് അഭിജിത്തും കെഎസ്യു സംസ്ഥാന സെക്രട്ടറി ബാ ഹുല്‍കൃഷ്ണയും എത്തിയത്. ഇരുവരും പരിശോധനയ്ക്ക് നല്‍കിയത് ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്.
സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ സാധിച്ചുള്ളു. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചു.
ഇതേതുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ആള്‍ വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്നും ഇയാളെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. പിന്നീട് രാത്രിയോടെയാണ് വ്യാജമേല്‍വിലാസം നല്‍കിയ വ്യക്തി കെ.എം അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.