തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധന പാലിക്കുന്നില്ലെങ്കില്‍ ഇക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് ഉള്‍പ്പെടെ വരുന്നവരെ ആസൂത്രണത്തോടെയും ചിട്ടയോടെയും സ്വീകരിക്കാനും ക്വാറന്റൈനിലാക്കാനും കഴിയണം. അതിന് സൗകര്യമുണ്ട്. വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും എത്തുന്നവരെ ക്വാറന്റൈനിലയക്കുകയാണ്. ഇവര്‍ പോകുന്ന വഴിയില്‍ ഇറങ്ങാനോ ആരെയും കാണാനോ പാടില്ല. ഇത് ലംഘിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സര്‍ക്കാരിന് ലഭിക്കണം. അതിന് വരുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.