മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നു ടീച്ചര്‍മാരുടെ വിളി വന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും ആധിയാണ്. മകന്‍ അല്ലെങ്കില്‍ മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ അവര്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ എന്നാകും രക്ഷിതാക്കളുടെ ചിന്ത. അത്തരത്തില്‍ ഒരു ഫോണ്‍കോളിന്റെ ഓഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ലാസിലെ കുട്ടികള്‍ തമ്മില്‍ അടികൂടിയതിന്റെ പേരില്‍ ഒരാളുടെ വീട്ടിലേക്ക് ടീച്ചര്‍ വിളിച്ചതാണ് ശബ്ദരേഖയില്‍. കുട്ടിയുടെ അച്ഛനാണ് ഫോണ്‍ എടുത്തത്.
‘അല്‍ സാബിത്തിന്റെ പേരന്റ് അല്ലേ ‘ എന്നും ചോദിച്ചാണ് ടീച്ചറുടെ കോള്‍ അച്ഛന്റെ ഫോണിലേക്ക് വരുന്നത്. സ്‌കൂളില്‍ നിന്നുള്ള വിളിയാണ് എന്ന് കേട്ടപ്പോള്‍, എന്തിനാണ് എന്ന് പരിഭ്രമത്തോടെ അച്ഛന്‍ ചോദിക്കുന്നുണ്ട്. എന്താണ്, എന്തുപറ്റിയെന്ന് അച്ഛന്‍. ക്ലാസില്‍ രണ്ടുപേര്‍ തമ്മില്‍ അടി കൂടി എന്ന് ടീച്ചര്‍. ടീച്ചര്‍ കാര്യങ്ങളെല്ലാം പറയുന്നു. എന്താണ് ആര്‍ക്കാണ്.. എന്ത് പരിക്കുണ്ട് എന്ന് അച്ഛന്‍ തിരിച്ച് ചോദിച്ചു.
‘ചുണ്ടില്‍ കൈ തട്ടി, പല്ല് ചെറുതായൊന്നു കൊണ്ട്, ചെറുതായി ഒന്നു മുറിഞ്ഞിട്ടുണ്ട്, അല്‍ സാബിത്തിന്. കവിളില്‍ ഒരു മാന്തിയ പാടും ഉണ്ട്.. മുമ്പുള്ളതാണോ ഇപ്പോള്‍ കിട്ടിയതാണോ എന്നറിയില്ലെന്ന്’ ടീച്ചര്‍. ‘ഞങ്ങളുടെ കൊച്ചനെ ജീവനോടെങ്ങാനും കിട്ടുമോ, ഈപ്പറഞ്ഞ ഇടിയെല്ലാം കൊണ്ടിട്ട്’. അച്ഛന്റെ മറുചോദ്യം കേട്ട് അമ്പരന്ന് ടീച്ചര്‍. ‘ഞങ്ങളീ ഫീസെല്ലാം കൊടുത്തിട്ട് അങ്ങോട്ട് പഠിക്കാനയച്ചിട്ട്, അവിടെ ഇങ്ങനെ ഇടി മേടിപ്പാണെങ്കില്‍.. ഒന്നാമത് അവനിപ്പോള്‍ പത്തില്‍ പൂജ്യം മാര്‍ക്കാ മേടിക്കുന്നേ എന്നാ കേള്‍ക്കുന്നത്’. അദ്ദേഹം തുടര്‍ന്നു.
അപ്പോള്‍ ടീച്ചര്‍, ‘അല്‍ സാബിത്തേ.. നീ പത്തില്‍ പൂജ്യമാന്നോടാ മേടിക്കുന്നെ..?’ എന്ന് കുട്ടിയോട് തിരക്കുന്നു.. ‘ഇപ്പോള്‍ മാര്‍ക്കൊക്കെ ഉണ്ടെന്നാ അവന്‍ പറയുന്നേ’ എന്ന് അച്ഛനോട് പറയുന്നു. ‘അത് രണ്ടിടത്ത് ട്യൂഷന് വിടുന്നതുകൊണ്ടാണ്’. അച്ഛന്റെ മറുപടി. ഇപ്പോ.. എന്നതാ വേണ്ടേ..? ഞാന്‍ വല്ല ആംബുലന്‍സും കൊണ്ട് വരണോ..?’ എന്ന് അടുത്ത ചോദ്യം.
അതൊന്നും വേണ്ട.. ഞാന്‍ നോക്കിയിട്ട് പരിക്കൊന്നും കണ്ടില്ലെന്ന് ചിരിയടക്കി ടീച്ചറുടെ മറുപടി. സാരമില്ല ടീച്ചറെ.. ഞാന്‍ നാളെ അങ്ങോട്ടുവരാം. പിള്ളേരെ രണ്ടിനേം നല്ല പോലെ ക്വസ്റ്റ്യന്‍ ചെയ്ത് ഒന്നു വിരട്ടി വിട്ടിരുന്നാല്‍ മതി.. പിള്ളേരല്ലേ.. അടിയും ഇടിയുമൊക്കെ നടന്നെന്നിരിക്കുമെന്ന് ടീച്ചറിനെ സമാധാനിപ്പിച്ച് അച്ഛനും.
പലരക്ഷിതാക്കളും ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്‌കൂളിലെത്തുകയും അധികൃതരെ പുലിവാലുപിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ സംഭവത്തെ വളരെ രസകരമായി സമീപിച്ച് ഈ പിതാവിനെയും അധ്യാപികയെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.