കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആശങ്കകള്‍ മാത്രമാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉള്ളതെന്നും പ്രതികള്‍ എല്ലാവരും പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നില്ലേയെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി ചോദിച്ചു. സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാദത്തിനിടെ കോടതി ചോദിച്ചു.
അതിനിടെ, ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമാണ് വിമര്‍ശനത്തിനു കാരണം. കേസ് വിവരങ്ങള്‍ ഡി.ജി.പി ഓഫീസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഡി.ജി.പി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്ന് കോടതി ചോദിച്ചു.
ഫെബ്രുവരി പതിനേഴിനാണ് കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പിതാംബരനാണ് കേസിലെ ഒന്നാം പ്രതി.