മരംമുറി കേസ് പ്രതികള്‍ക്കൊപ്പം മുഖ്യമന്ത്രി; ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പി.ടി തോമസ്. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ആരോപണം ആവര്‍ത്തിച്ചത്.

കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്നും പി.ടി. തോമസ് ചോദിച്ചു. മരംകൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പി.ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈല്‍ ഫോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്നും എന്നാല്‍ അതിനു തൊട്ടുമുന്‍പ് മൊബൈല്‍ ഉടമ അറസ്റ്റിലായെന്നും പി.ടി. തോമസ് കഴിഞ്ഞ ദിവസം സഭയില്‍ ആരോപിച്ചിരുന്നത്.

ഇതിനെതിരേ മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ആരോപണം തന്റെമേല്‍ വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാണ് ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്കെന്നു മുഖ്യമന്ത്രി പറഞ്ഞു.

2016 ഫെബ്രുവരി 29നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. അന്നു താനായിരുന്നില്ല കേരളത്തിന്റെ മുഖ്യമന്ത്രി. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു താന്‍ പറയേണ്ട കാര്യമില്ല. അതു തന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി.തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്നും അറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.