പത്തനംതിട്ട: അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.
വി.കെ. വിനീത്, കെ. അനന്തു, എസ്. സുധി, അച്ചു ആനന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരില്‍ കഴിഞ്ഞ നവംബറില്‍ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട്. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ്, അഫ്‌സല്‍, സഹോദരന്‍ ആഷിഖ്, നിധിന്‍ പ്രസാദ്, അഭിനവ്, കാര്‍ത്തിക്, സുധീഷ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഇവരെക്കൂടാതെ റാന്നിയില്‍നിന്നും പോലീസ് ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അരവിന്ദ്, അനന്ദു പ്രദീപ്, വിഷ്ണു, ദീപു പി. സുരേഷ്, ബിനു കെ. ജോസഫ്, അഭിലാഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതോടെ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.
പെണ്‍കുട്ടിയുടെ കാമുകന്‍ സുബിന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. സ്വന്തം നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ സുബിന്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കുമായിരുന്നു. സുബിന്‍ പെണ്‍കുട്ടിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്. ഇരുചക്രവാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി.
ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. ലൈംഗിമായി പീഡിപ്പിച്ച സുബിന്‍ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.