പത്തനംതിട്ട: കല്യാണം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിച്ച ശേഷം തിരികെ എത്തുന്ന ചേച്ചിയെയും ചേട്ടനെയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്ത് തീര്‍ത്തതിന്റെ സന്തോഷത്തിലായിരുന്നു അനുവിന്റെ സഹോദരന്‍ ആരോണ്‍. എന്നാല്‍ ആ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ട് അനുവിന്റെയും നിഖിലിന്റെയും മരണവാര്‍ത്തയാണ് ആരോണിനെ തേടി എത്തിയത്.
അപ്രതീക്ഷിത നഷ്ടത്തില്‍ ഹൃദയം തകര്‍ന്നാണ് ആരോണ്‍ ആ വാര്‍ത്ത കേട്ടത്. പിതാവിനെയും സഹോദരിയെയും സഹോദരി ഭര്‍ത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തില്‍ മരിച്ച ബിജു പി.ജോര്‍ജിന്റെ മകനാണ് ആരോണ്‍.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് എത്തിച്ചപ്പോള്‍ തളര്‍ന്നുപോയ ആരോണിനെ സുഹൃത്തുക്കള്‍ ചേര്‍ത്തുപിടിച്ചു. അനുവിന്റെ മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് പുറത്തേക്ക് എത്തിച്ചത്. ആംബുലന്‍സില്‍ പ്രിയ സഹോദരിയുടെ മുഖത്തേക്ക് നോക്കിയിരുന്ന ആരോണിന്റെ ഈ കാഴ്ച അവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഹൃദയം കീറിമുറിക്കുന്നതായിരുന്നു.
തിരുവനന്തപുരത്ത് നിന്നും വീട്ടിലേക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ ബിജുവിന്റെയും ഒപ്പമുള്ളവരുടെയും ഫോണിലേക്ക് ബന്ധുക്കള്‍ വിളിച്ചിരുന്നു. എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് കുറച്ച് സമയത്തിന് ഷേം വീണ്ടും വിൡച്ചപ്പോള്‍ ഫോണെടുത്തത് പോലീസായിരുന്നു. വിവരമറിഞ്ഞ് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് അപകടത്തിന്റെ ആഴം ബന്ധുക്കള്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞത്.
മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാര്‍ ഇന്ന് പുലര്‍ച്ചെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ല് ജംക്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തില്‍ മരിച്ചു. നവംബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയില്‍ മധുവിധു കഴിഞ്ഞെത്തിയ ദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികള്‍ മലേഷ്യയിലേക്ക് പോയത്. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്.
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.