ചികിത്സ തേടിയെത്തിയ 21കാരിയെ ഹിപ്‌നോടൈസ് ചെയ്ത ശേഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
മുംബൈ: വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ ഹിപ്നോടൈസ് ചെയ്ത ശേഷം നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന പാസ്റ്ററാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷാദരോഗത്തിന് ചികിത്സതേടിയാണ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ മാതാപിതാക്കള്‍ ഈ പ്രയര്‍ സെന്ററില്‍ എത്തിക്കുന്നത്. എന്നാല്‍ പാസ്റ്റര്‍ ഇവരെ ഹിപ്നോടൈസ് ചെയ്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ബന്ധു കണ്ടതോടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് നാല്‍പ്പത്തഞ്ചുകാരനായ പാസ്റ്റര്‍ പ്രയര്‍ സെന്റര്‍ നടത്തിയിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ പ്രയര്‍സെന്ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്നോടൈസ് ചെയ്ത ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, തിരികെ വീട്ടില്‍ എത്തിയ ശേഷം യുവതി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് യുവതിയുടെ ബന്ധു ഇവരെ കാണുന്നത്. തുടര്‍ന്ന് ബന്ധു മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍ പ്രയര്‍ സെന്ററില്‍ നിന്നും യുവതി റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.