KeralaNews

കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുമോ? ഇന്നറിയാം

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ നിലപാട് അറിയിക്കാന്‍ ഇന്ന് രാവിലെ 11ന് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കെ.വി തോമസിനെയും ശശി തരൂരിനെയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം ക്ഷണിച്ചത്.

പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് അറിയിച്ചപ്പോള്‍ തന്നെ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ അറിയിച്ചിരുന്നു. കെ.വി. തോമസിനോടും സെമിനാറില്‍ പങ്കെടുക്കേണ്ട എന്നാണ് കെപിസിസി നിര്‍ദേശിച്ചത്. പാര്‍ട്ടിയില്‍നിന്നു പുറത്തേക്കു പോകണമെന്ന് ആഗ്രഹിച്ചാലേ കെ.വി.തോമസിനു സെമിനാറില്‍ പങ്കെടുക്കാനാകൂ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാല്‍ നടപടി ഉറപ്പെന്ന് നല്ല ബോധ്യമുള്ള അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാനെത്തിയാല്‍ അത് പല കണക്കുകൂട്ടലും നടത്തിയാകും. പങ്കെടുക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ചുപറയാത്തതും ഈ കണക്കുകൂട്ടലുകള്‍ മുന്‍നിര്‍ത്തിയാണ്.

സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടാല്‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്.

ആര്‍എസ്എസ് മനസുള്ളവരാണ് കെ.വി. തോമസിനെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി. തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്.

പക്ഷേ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജന്‍ പരിഹസിച്ചു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ നിലപാട് അറിയിക്കാന്‍ ഇന്ന് രാവിലെ 11ന് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button