‘കുറെക്കാലം ഈ സത്യങ്ങളെല്ലാം പറയാതെ നടന്നു, ഇനിയെങ്കിലും അവ എല്ലാവരും അറിയണം’ കൗമാരത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പാരിസ് ഹില്‍ട്ടന്‍
നടി, അവതാരിക, സാമൂഹ്യ പ്രവര്‍ത്തക, ഗായിക, ഡി.ജെ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച താരമാണ് പാരിസ് ഹില്‍ട്ടന്‍. എന്നാല്‍ ഇപ്പോള്‍ തന്റെ കൗമാരകാലം വളരയധികം ദുഷ്‌കരമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാരിസ്. ‘ദിസ് ഈസ് പാരിസ്’ എന്ന ഡോക്യുമെന്ററിയിലാണ് തന്റെ കൗമാരകാലത്തെ കുറിച്ച് പാരിസ് ഹില്‍ട്ടണ്‍ തുറന്നു പറഞ്ഞത്.
”കുറേക്കാലം ഞാന്‍ ഈ സത്യങ്ങളൊന്നും പറയാതെ നടന്നു. പക്ഷേ ഇന്ന് ശക്തയായ ഒരു സ്ത്രീയായി മാറിയതില്‍ അഭിമാനിക്കുന്നു. എന്റെ ജീവിതത്തിലെല്ലാം എളുപ്പത്തില്‍ നടന്നതാകുമെന്ന് കരുതുന്നവരുണ്ട്. ഏതെല്ലാം വിഷമ ഘട്ടങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്നു പോയതെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു. ക്ലബുകളിലും പാര്‍ട്ടികളിലുമൊക്കെ പോകുന്നതിനോട് മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ അവരെ എതിര്‍ത്ത് പോകാന്‍ തുടങ്ങി. പലകാര്യങ്ങളിലും നിഷേധസ്വഭാവം കാണിച്ചിരുന്നു. അനുസരണക്കേടില്‍ സഹികെട്ട മാതാപിതാക്കള്‍ ബോര്‍ഡിംഗ് സ്‌കൂളിലാക്കി.
അവിടെ നിന്നാണ് ജീവിതത്തിലെ വിഷമഘട്ടം ആരംഭിക്കുന്നത്. അവിടെ എല്ലായ്‌പ്പോഴും ചീത്തവിളികളും അലര്‍ച്ചകളും മാത്രമായിരുന്നു. കുട്ടികളെ മാനസികമായി തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നും. ജീവനക്കാര്‍ വളരെ മോശമായ കാര്യങ്ങള്‍ പറയും. നിരന്തരം കളിയാക്കും. ശാരീരിക മര്‍ദ്ദനങ്ങളും ഉണ്ടായിരുന്നു. കുട്ടികളില്‍ ഭയം നിറയ്ക്കുകയായിരുന്നു അവര്‍. ആരെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ദിവസത്തില്‍ ഇരുപതുമണിക്കൂര്‍ വരെ അവരെ ഏകാന്ത തടവിലാക്കുമായിരുന്നു. ഓരോ ദിവസവും പാനിക് അറ്റാക്ക് അനുഭവപ്പെടുമായിരുന്നു.
തടവുപുള്ളിയെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതം പോലും വെറുത്തു പോയി. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കുക. അത്രത്തോളം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കും. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിച്ചാല്‍ വീട്ടുകാരോട് കുട്ടികള്‍ നുണ പറയുകയാണെന്ന് പറയുന്നതിനു പുറമെ പീഡനങ്ങളും പതിവായിരുന്നു.
പതിനെട്ടു വയസുള്ളപ്പോഴാണ് വീണ്ടും ന്യൂയോര്‍ക്കിലേക്കു തിരികെയെത്തുന്നത്. പക്ഷേ പിന്നീടൊരിക്കലും അനുഭവിച്ച ദുരിതം പങ്കുവയ്ക്കണമെന്ന് തോന്നിയിട്ടില്ല. അവിടെ നിന്നു പുറത്തു വന്നല്ലോ എന്ന ആശ്വാസമായിരുന്നു. വീണ്ടും ആ ഓര്‍മകളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. ഇപ്പോഴും നാണക്കേട് തോന്നുന്ന ഓര്‍മകളാണ് അത്” – പാരിസ് പറയുന്നു.