കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. നിലവില്‍ ഇവിടുത്തെ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പരിശീലനം നല്‍കാന്‍ സൗകര്യമില്ലെന്നിരിക്കെ സ്വാശ്രയ സ്ഥാപനമായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ(എസ്.എം.ഇ) ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പരിശീലനത്തിന് സൗകര്യമൊരുക്കാനുള്ള നീക്കമാണ് 45 വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്നത്. എസ്.എം.ഇയിലെ 120 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശീലനം നേടി ഇറങ്ങുന്നതോടെ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന തങ്ങള്‍ക്ക് അവസരം നഷ്ടമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന്റെ കാരണം മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന തങ്ങള്‍ക്ക് ലഭിക്കുന്നത് വെറും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും എസ്.എം.ഇ നടത്തുന്നത് ഡിഗ്രി കോഴ്‌സുമാണ്.
ഈ വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ കാണാന്‍ ഇന്ന് ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പാള്‍ ആദ്യം അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് സമീപം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ ഗന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തുകയും പ്രിന്‍സിപ്പാളുമായി സംസാരിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് പ്രിന്‍സിപ്പാളുമായി സംസാരിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചത്. രണ്ട് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് മുന്നല്‍ ഉന്നയിച്ചത്. ഒന്നുകില്‍ ഇപ്പോള്‍ ഇവിടെ നടത്തുന്ന ഡിപ്ലോമ കോഴ്‌സ് ഡിഗ്രി കോഴ്‌സായി ഉയര്‍ത്തുക അല്ലെങ്കില്‍ എസ്.എം.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പരിശീലനത്തിനുള്ള അവസരം നിഷേധിക്കുക. എന്നാല്‍ നിലവില്‍ ഈ രണ്ടു ആവശ്യങ്ങളും താല്‍കാലികമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അതേസമയം മെഡിക്കല്‍ കോളേജിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സ്വാശ്രയ സ്ഥാപനമായ എസ്.എം.ഇയിലെ 120 വിദ്യാര്‍ത്ഥികളെ കൂടി പരിശീലിപ്പിക്കാന്‍ ഇവിടെ സൗകര്യമില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരിന്നു. ഇതിനെ തുടര്‍ന്ന് എസ്.എം.ഇയിലേക്ക് ഇനി പ്രവേശനം നടത്തേണ്ട എന്ന നിലപാട് ആരോഗ്യ സര്‍വ്വകലാശാല സ്വീകരിച്ചിരിന്നു. ഇതിനെ മറികടക്കാന്‍ സമരത്തിലൂടെ താല്‍കാലിക അനുമതി വാങ്ങി ജൂലൈ 12ന് നടക്കുന്ന ഗവേണിംഗ് ബോഡിയില്‍ കോഴ്‌സിന് അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് എസ്.എം.ഇ.
45 ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കും 120 ഡിഗ്രിക്കാര്‍ക്കുമായി റേഡിയോളജി വിഭാഗത്തില്‍ ആകെയുള്ളത് രണ്ട് എക്‌സറേ മെഷിനും രണ്ട് സി.റ്റി സ്‌കാനറുമാണ്. റേഡിയോ തെറാപ്പിയില്‍ ഒരു കോബോള്‍ട്ട് യൂണിറ്റും അതും ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ളത് ഒരു ലിനാക്കുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 165 വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കാനുള്ള റേഡിയോഗ്രാഫറും ഇവിടെയില്ല.