ബ്യൂണസ് ഐറിസ്: നിരോധിത സിറപ്പ് ഉപയോഗിച്ചതിന് വിലക്ക് ലഭിച്ച അർജന്റീനൻ ഫുട്ബോൾ താരം പാപു ഗോമസിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. താരത്തിന്റെ ലോകകപ്പ് മെഡലും യൂറോപ ലീഗ് മെഡലും തിരിച്ചെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പായി സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖ ബാധിതനായിരുന്നു പാപു ഗോമസ്. രാത്രി ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് താരം കുട്ടിയുടെ മരുന്ന് കുടിച്ചത്. ഇതാണ് ഇപ്പോൾ താരത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.
സ്പാനിഷ് പത്രം റെലേവൊയാണ് നിരോധിത സിറപ്പ് താരം ഉപയോഗിച്ചെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ അർജന്റീനയുടെ ലോകകപ്പ് കിരീടം തിരിച്ചെടുക്കാൻ കഴിയില്ല. ലോക ഉത്തേജക വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം രണ്ടിലധികം താരങ്ങൾ നിയമം ലംഘനം നടത്തിയാൽ മാത്രമെ കിരീടം തിരിച്ചെടുക്കാൻ കഴിയു.
2021 ജനുവരിയിലാണ് അർജന്റീനൻ താരം സെവിയ്യയിൽ ചേർന്നത്. 90 മത്സരങ്ങളിൽ സെവിയൻ ജഴ്സി അണിഞ്ഞ പാപു ഗോമസ് 10 ഗോൾ വലയിലാക്കുകയും ആറ് ഗോളിന് അവസരമൊരുക്കുയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ക്ലബ് താരവുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ഇപ്പോൾ ഇറ്റാലിയൻ സീരി എ ടീം മോൻസക്ക് വേണ്ടിയാണ് പാപു ഗോമസ് കളിക്കുന്നത്.