KeralaNews

പാലക്കാട് സിപിഐ ലോക്കൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു; അനുഗമിച്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും

പാലക്കാട്: സിപിഐക്ക് വൻ തിരിച്ചടിയായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് തച്ചമ്പാറയാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജോർജിന് പുറമെ മേഖലയിൽ നിന്ന് കൂടുതൽ പേർ സിപിഐ വിട്ട് ബിജെപിയിലേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇയാൾക്കൊപ്പം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് ബിജെപിയിലേക്ക് പോവുന്നത്. സിപിഐയുടെ ഇപ്പോഴത്തെ പോക്ക് അപകടകരമാണെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു.

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഇടത് മുന്നണിയെയും സിപിഐയെയും പ്രതിരോധത്തിലാക്കി കൊണ്ട് ബിജെപിയുടെ നിർണായക നീക്കം. അനുഭാവികളല്ല മറിച്ച് ലോക്കൽ സെക്രട്ടറിയും കൂട്ടരും പാർട്ടി വിടുന്നതും അവർ ബിജെപിയിൽ ചേരുന്നതും സിപിഐയെ സംബന്ധിച്ച് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.

പാലക്കാട് നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ഇന്ന് ചേരുന്നുണ്ട്. അതിൽ പങ്കെടുക്കാനായി കെ സുരേന്ദ്രൻ ജില്ലയിലുണ്ട്. അതിനിടെയാണ് ഈ തിരക്കിട്ട നീക്കങ്ങൾ. പാലക്കാട് ബിജെപി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

നേരത്തെ ജാതി അധിക്ഷേപത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എടത്വ ലോക്കൽ സെക്രട്ടറി കെസി സന്തോഷ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധനില്‍ നിന്നായിരുന്നു സന്തോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ജോർജ് തച്ചമ്പാറ ബിജെപിയിൽ എത്തുന്നത്.

പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ശക്തമായ സ്വാധീനത്തിന് ആക്കം കൂട്ടുന്ന തീരുമാനമാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനോട് അവസാന നിമിഷം നേരിയ ഭൂരിപക്ഷത്തിനായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ പരാജയപ്പെട്ടത്. ഇക്കുറി ആ ചരിത്രം മാറ്റിയെഴുതി പാലക്കാട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് ഈ നീക്കം സഹായകരമാവും എന്നാണ് അവർ കരുതുന്നത്.

തൃശൂരിലെ വമ്പൻ പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഐക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൂടുമാറ്റം തിരിച്ചടിയാവും എന്നുറപ്പാണ്. വിഎസ് സുനിൽ കുമാറിനെ പോലെ ഒരു ജനകീയനെ രംഗത്തിറക്കിയിട്ടും ബിജെപിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നതിന്റെ ഞെട്ടലിലാണ് സിപിഐ നേതൃത്വം. പുതിയ സംഭവ വികാസങ്ങൾ ഇടതുമുന്നണിയിൽ ചർച്ചകൾക്ക് തുടക്കമിടുമെന്ന് തന്നെയാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button