FeaturedHome-bannerKeralaNews

പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്: വ്യാഴാഴ്ച അംഗത്വം സ്വീകരിക്കും

തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ഡല്‍ഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന. എന്നാൽ പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു. 

ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാമണ്ഡ‍ലത്തിൽനിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയം രുചിച്ചു. വി.എസ്.സുനിൽ കുമാറായിരുന്നു അന്ന് എതിർസ്ഥാനാർഥി.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാൽ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. കെ.മുരളീധരൻ എംപി സഹോദരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker