എ പത്മകുമാർ ബി ജെപിയിലേക്ക് ? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം എല്‍ എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പത്മകുമാർ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയതിന് പിന്നാലെയാണ് പത്മകുമാറുമായി ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജും അയിരൂർ പ്രദീപുമാണ് പത്മകുമാറിന്റെ വീട്ടില്‍ ചർച്ചക്കെത്തിയത്.
ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് വിവരം.പത്മകുമാർ വന്നാല്‍ സ്വീകരിക്കുമെന്ന് ബി ജെ പി പത്തനംതിട്ട ജില്ലാ നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങള്‍ പാർട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയില്‍ പങ്കെടുത്ത ബി ജെ പി ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്.
പത്മകുമാർ പാർട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി സി സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലും പറഞ്ഞത്.