‘അലന്റെ അമ്മ വായിച്ചറിയാന്‍’ അലന്‍ മാവോയിസ്റ്റ് തന്നെ; കൂടുതല്‍ വിഷമിപ്പിക്കുന്നില്ലെന്ന് ജയരാജന്‍
കണ്ണൂര്‍: എന്‍.ഐ.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. അലന്റെ അമ്മ വായിച്ചറിയുവാന്‍ എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയായിരിന്നു ജയരാജന്റെ പരാമര്‍ശം. ഇരുവരും രഹസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്നതായും ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് അലന്റെ മുറിയില്‍ താമസിച്ചിരുന്നതായും ജമാഅത്ത് ഇസ്ലാമി സംഘടനയുമായി ചേര്‍ന്ന് സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം വേദി രൂപീകരിക്കാന്‍ ശ്രമിച്ചെന്നും ജയരാജന്‍ ആരോപിച്ചു.
എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ലെന്നും ജയരാജന്‍ പരിഹസിച്ചു. അലനും കുടുംബവും സിപിഎം പ്രവര്‍ത്തകരാണെന്നും ആ രാഷ്ട്രീയ ജീവിതത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അലന്റെ അമ്മ സബിത പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.