പാലായില്‍ തെരഞ്ഞെടുപ്പുകളം മുറുകുന്നു; ഭിന്നതകള്‍ മാറ്റിവെച്ച് പരസ്പരം കൈകൊടുത്ത് ജോസ് കെ. മാണിയും പി.ജെ. ജോസഫും
കോട്ടയം: ജോസ് കെ മാണിയുമായി ഭിന്നതകള്‍ മാറ്റിവെച്ച് പി.ജെ ജോസഫ് പാലായില്‍ പ്രചാരണത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം മുറുകി. ഇടമറ്റം ഓശാനമൗണ്ടില്‍ രാത്രിയില്‍ നടന്ന യോഗം തുടങ്ങിയശേഷം എത്തിയ പി.ജെ ജോസഫിനെ ജോസ് കെ മാണി കൈകൊടുത്ത് സമ്മേളനവേദിയിലേക്ക് സ്വീകരിച്ചപ്പോള്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആഹ്ലാദം പങ്കിട്ടു. നിറഞ്ഞ സദസ്സ് ഹര്‍ഷാരവം മുഴക്കി.
പാലായില്‍ നടന്ന യു.ഡി.എഫ്.കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ പി.ജെ.ജോസഫിനെ കൂക്കിവിളിച്ചതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രചാരണരംഗത്തുനിന്ന് വിട്ടുനില്ക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്. യു.ഡി.എഫ്. നേതൃത്വം നടത്തിയ അനുരഞ്ജനനീക്കത്തെ തുടര്‍ന്നാണ് ജോസഫ് നേതൃയോഗത്തിനെത്തിയത്. സമ്മേളനത്തില്‍ പ്രസംഗിച്ച പി.ജെ.ജോസഫ് അന്തരിച്ച കെ.എം.മാണിയെ ജനകീയ നേതാവെന്നാണ് വിശേഷിപ്പിച്ചത്. കെ.എം.മാണിയുടെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.