FeaturedKeralaNews

കഴക്കൂട്ടത്ത് ശോഭ തന്നെ,ബി.ജെ.പി അന്തിമ പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി:ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. കഴക്കൂട്ടത്തെക്കൂടാതെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണമായി.

സംവരണമണ്ഡലമായ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ മത്സരിക്കും. കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ, കൊല്ലത്ത് എം സുനിൽ എന്നിവരാണ് മത്സരിക്കുക. മാനന്തവാടിയിൽ നേരത്തേ മണിക്കുട്ടൻ എന്ന സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തന്‍റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്നും, പിൻമാറുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നു ബിജെപി.

രേന്ദ്രന്‍റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്‍റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചര്‍ച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നത് .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചാരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളി.

കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അംഗീകാരം നൽകുമ്പോഴും അതിനെതിരെ നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രൻ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു. എന്നാൽ കഴക്കൂട്ടം അല്ലാതെ കൊല്ലത്തോ കരുനാഗപ്പള്ളിയിലോ ശോഭ സുരേന്ദ്രൻ മത്സരിച്ചോട്ടെ എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാലിതെല്ലാം തള്ളിക്കളഞ്ഞ് ശോഭ തന്നെ കളത്തിലിറങ്ങുന്നു, കഴക്കൂട്ടത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker