കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ പറയുന്ന ഏക പരാതി താന്‍ തെറി പറയുന്നു എന്നതാണെന്ന് പി.സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരിന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. എന്നെ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഏല്‍പ്പിച്ച ജോലി ഒരുദാസനായി നിന്ന് തന്നെ ആത്മാര്‍ത്ഥമായി ചെയ്ത് തീര്‍ത്തിട്ടുണ്ട്. ഞാന്‍ തെറി പറയുന്നു എന്നാണ് ആകെ പറയുന്ന പരാതി. ഈ നാട്ടിലെ പാവപ്പെട്ടവന്റെയും, അശരണരുടെയും തലയില്‍ കയറാന്‍ വരുന്ന അധികാര വര്‍ഗ്ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരുമെന്നും പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എരുമേലി പഞ്ചായത്തില്‍ ഇന്നത്തെ പര്യടനം തുടരുകയാണ്. എനിക്ക് സുപരിചിതമായ മുഖങ്ങളാണ് എവിടെയും. 10 വര്‍ഷം മുന്‍പ് ഞാന്‍ ഈ മേഖലയുടെ കൂടി എം.എല്‍.എ. ആയി കടന്നുവരുമ്പോള്‍ എരുമേലി ആയിരുന്ന അവസ്ഥയില്‍ നിന്ന് നമ്മള്‍ ഏറെ മുന്നോട്ട് പോയെന്നത് അഭിമാനകരമാണ്. കുടിവെള്ള പദ്ധതികള്‍, സബ്‌സ്റ്റേഷന്‍, റോഡുകള്‍, ആശുപത്രി, വിദ്യാഭ്യാസം പാര്‍പ്പിടം എന്നിങ്ങനെ സര്‍വ്വ മേഖലയിലും കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വന്‍ കുതിച്ച് ചാട്ടം എരുമേലിയില്‍ നടന്നിട്ടുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.
എന്നെ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഏല്‍പ്പിച്ച ജോലി ഒരുദാസനായി നിന്ന് തന്നെ ആത്മാര്‍ത്ഥമായി ചെയ്ത് തീര്‍ത്തിട്ടുണ്ട്. ഞാന്‍ തെറി പറയുന്നു എന്നാണ് ആകെ പറയുന്ന പരാതി. ഈ നാട്ടിലെ പാവപ്പെട്ടവന്റെയും, അശരണരുടെയും തലയില്‍ കയറാന്‍ വരുന്ന അധികാര വര്‍ഗ്ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരും.
അതേസമയം ഇടതും വലതും ചാടി ഒടുവില്‍ എന്‍ഡിഎയില്‍ വന്നപ്പോള്‍ ആശ്രയം നല്‍കിയ ഞങ്ങളെയും അപമാനിച്ച് മുന്നണി വിട്ട ജോര്‍ജിന് വോട്ട് ചെയ്യേണ്ട ഗതികേട് ബിജെപിക്കും എന്‍ഡിഎയ്ക്കും ഇല്ലെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു. ജാതിയും വര്‍ഗീയതയും പറയാതെ 1980 മുതല്‍ 9 വര്‍ഷം ഒഴിച്ച് ബാക്കി 30 – 35 വര്‍ഷം എംഎല്‍എ ആയി പ്രവര്‍ത്തിച്ച മണ്ഡലത്തില്‍ എന്ത് വികസനം നടപ്പിലാക്കിയെന്ന് പറയാന്‍ ധൈര്യമുണ്ടോ എന്നാണ് ബിജെപിയുടെ ചോദ്യം.
മണ്ഡലത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേയ്ക്ക് പോകും നേരാംവണ്ണം യാത്ര ചെയ്യാവുന്ന റോഡുകള്‍ ഉണ്ടാക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ലെന്നും ബിജെപി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
ഇതോടെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള ജോര്‍ജിന്റെ തന്ത്രം പാളി. കഴിഞ്ഞ ദിവസം ക്രൈസ്തവ പുരോഹിതര്‍ തനിക്കൊപ്പമാണെന്ന നിലയിലുള്ള ചില പ്രചരണങ്ങള്‍ ജോര്‍ജ് നടത്തിയതിനെതിരെ കാഞ്ഞിരപ്പള്ളിയിലെ ചില വൈദികര്‍ തന്നെ രംഗത്തു വന്നിരുന്നു! ഇതോടെ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള നീക്കവും പൊളിഞ്ഞു. മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതു സംബന്ധിച്ച ഭിന്നത സഭയും ജോര്‍ജുമായി തുടരുന്നുണ്ട്.