പത്തനംതിട്ട: ശബരിമലയിലേക്കു യുവതികള്‍ വന്നാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എംഎല്‍എ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കപ്പെടുന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ ഇനിയും സംഘര്‍ഷം ഉണ്ടാക്കരുത്. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ കുറച്ചു വിശ്വാസമൊക്കെ വന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി അതിന് ഉദാഹരണമാണ്.
കഴിഞ്ഞ തവണ ശബരിമലില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ 240 പേരെയാണ് തടയാനായി താന്‍ കൊണ്ടുവന്നത്. ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു അതില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള അന്നു പത്തനംതിട്ടയില്‍ നിന്നതേയുള്ളൂ. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.