ഷീല ദീക്ഷിതിന്റെ മരണത്തിന് കാരണം പി.സി ചാക്കോ; ഗുരുതര ആരോപണവുമായി മകന്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ചാക്കോയാണെന്ന ആരോപണവുമായി മകന്‍ സന്ദീപ് ദീക്ഷിത്. മലയാളിയും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവുമായ പി.സി ചാക്കോയ്ക്കു എഴുതിയ കത്തിലാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷീലാ ദീക്ഷിത്തിന്റെ അനാരോഗ്യത്തിനും മരണത്തിനും ചാക്കോയാണ് ഉത്തരവാദിയെന്ന് കത്തില്‍ പറയുന്നതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സന്ദീപ് കത്ത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ചാക്കോയ്ക്കു കത്തയച്ചതായി സ്ഥിരീകരിച്ച സന്ദീപ് വ്യക്തിപരമായ കത്താണിതെന്നും പറഞ്ഞു. എന്നാല്‍ പി.സി ചാക്കോ കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു നല്‍കി. കത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കത്ത് സോണിയ ഗാന്ധിക്ക് അയച്ചതായും ചാക്കോ പറഞ്ഞു.
എന്നാല്‍ കത്ത് അയച്ച കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍നിന്നും നീക്കണമെന്ന് മംഗാത് രാം സിംഗാള്‍, കിരണ്‍ വാലിയ, രമാകാന്ത് ഗോസ്വാമി, ജിതേന്ദര്‍ കോച്ചാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിക്കാന്‍ സോണിയ ഗാന്ധി സമിതി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഷീല ദീക്ഷിതിന്റെ അവസാന നാളുകളില്‍ പി.സി ചാക്കോയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തന്റെ അസുഖം സംബന്ധിച്ച് ചാക്കോ നടത്തിയ പ്രസ്താവനകള്‍ ഷീല ദീക്ഷിതിനെ അസ്വസ്ഥയാക്കിയിരുന്നു.